ഇന്ത്യൻ വിപണിയിൽ ഏറെ കാത്തിരുന്ന കോംപാക്ട് എസ്‌യുവികളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന ഡസ്റ്ററിൻ്റെ പുതിയ തലമുറ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പുതിയ എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിച്ചത്. ശക്തമായ റോഡ് പ്രസൻസ് നൽകുന്ന മസ്കുലാർ ഡിസൈനോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്. ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടെ വിവിധ ആധുനിക സവിശേഷതകളാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം തന്നെ.
റെനോ ഫോർ എവർ എന്ന പുതിയ പദ്ധതിയിലൂടെ പുതിയ ഡസ്റ്ററിന് 7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റി ലഭിക്കും. ദീർഘകാല ആശ്വാസവും കുറഞ്ഞ പരിപാലന ആശങ്കയുമാണ് ഈ പദ്ധതി വഴി കമ്പനി ലക്ഷ്യം വയ്ക്കുന്നത്.പുതിയ റെനോ ഡസ്റ്റർ Renault Group Modular Platform (RGMP) അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ശക്തമായ സ്റ്റാൻസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഓഫ്-റോഡ് പ്രചോദനം ഉൾക്കൊള്ളുന്ന ഡിസൈൻ എന്നിവ ഡസ്റ്ററിന് കൂടുതൽ കരുത്തുറ്റതാക്കുന്നു.
ഡസ്റ്ററിൽ 1.3 GDI ടർബോ പെട്രോൾ എൻജിൻ ആണ് നൽകിയിരിക്കുന്നത്. ഇത് 6-സ്പീഡ് DCT (വെറ്റ് ക്ലച്ച്) ട്രാൻസ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു. ഈ എൻജിൻ 163PS പരമാവധി പവറും 280Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഹൈബ്രിഡ് പതിപ്പിൽ 1.8 ലിറ്റർ GDI ഡെഡിക്കേറ്റഡ് ഹൈബ്രിഡ് എൻജിൻ, 1.4kWh ബാറ്ററി, 8-സ്പീഡ് DHT ഗിയർബോക്സ്, കൂടാതെ രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടും.
പുതിയ ഡസ്റ്റർ 700 ലിറ്റർ ബൂട്ട് സ്പേസ് നൽകുന്നു. ഇലക്ട്രിക് പവർ ടെയിൽഗേറ്റ്, സൺറൂഫ്, പവേഡ് & വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകളും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിരിക്കുന്ന ഡസ്റ്ററിൽ 17 ADAS ഫംഗ്ഷനുകൾ, 360-ഡിഗ്രി ക്യാമറ, അൾട്രാസോണിക് സെൻസറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ്ങിലും കുറഞ്ഞ വേഗതയിലുള്ള ഡ്രൈവിംഗിലും ഇവ വലിയ സഹായമാണ്. അതോടൊപ്പം തന്നെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ ലഭിക്കാൻ പ്രാപ്തമായ ബിൽഡ് ക്വാളിറ്റിയാണ് കമ്പനി അവകാശപ്പെടുന്നത്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയടക്കമുള്ള വമ്പന്‍മാരോടാണ് ഡസ്റ്റര്‍ ഏറ്റുമുട്ടേണ്ടത്.
മാർച്ചിൽ ഔദ്യോഗിക വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ ഡെലിവറികൾ ആരംഭിക്കും. ഹൈബ്രിഡ് പതിപ്പ് ദീപാവലി സമയത്താണ് വിപണിയിലെത്തുക. 10 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 20 ലക്ഷം രൂപ വരെ പോകാം. 21,000 രൂപയാണ് ബുക്കിങ്ങ് തുക. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട് എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പ്രത്യേക പ്രാരംഭ വിലയും പ്രയോറിറ്റി ഡെലിവറിയും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്.

