എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനത്തിന് തുടക്കമിട്ട് മമ്മൂട്ടി

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ മഹാ അന്നദാന ചടങ്ങിന് തുടക്കം കുറിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി. പത്മഭൂഷൺ പുരസ്കാര നേട്ടത്തിന് ശേഷം താരം പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്. തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും, തന്റെ സാന്നിധ്യം കേരളത്തിന്റെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു. പ്രിയ താരത്തെ കാണാനായി വലിയൊരു ജനക്കൂട്ടമാണ് ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയത്.

രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മമ്മൂട്ടിയെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്. തൊട്ടുപിന്നാലെ, ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന വേഷത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങിയിരുന്നു. ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുന്നത്. കലാരംഗത്തെ അതുല്യമായ നേട്ടങ്ങൾക്കിടയിലും ഇത്തരം സാമൂഹിക പരിപാടികളിൽ സജീവമാകുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *