വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വി. ശിവൻകുട്ടിയെപ്പോലൊരാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്നത് കേരളത്തിലെ കുട്ടികളുടെ വലിയ ഗതികേടാണെന്ന് സതീശൻ പരിഹസിച്ചു. നിയമസഭയിൽ ഡെസ്കിന് മുകളിൽ കയറി അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നും വി.ഡി. സതീശൻ തുറന്നടിച്ചു. നിയമസഭയിൽ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രസംഗിച്ച ശിവൻകുട്ടിയുടെ അറിവില്ലായ്മയെ അദ്ദേഹം പരിഹസിച്ചു. വാർത്തകളിൽ നിറയാൻ വേണ്ടി എന്ത് വിഡ്ഢിത്തവും പറയുന്നവർ മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്ന് കരുതാമായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിൽ ഇത്തരം ആളുകൾ ഇരിക്കുന്നത് കഷ്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

