സിഡ്നി: ഓസ്ട്രേലിയയുടെ ദേശീയ ദിനമായ ജനുവരി 26 ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം ‘അധിനിവേശ വിരുദ്ധ’ (Invasion Day) പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചു.തദ്ദേശീയരായ അബോറിജിനല്‍ ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസമെന്നാരോപിച്ചായിരുന്നു പ്രക്ഷോഭങ്ങള്‍.മെല്‍ബണ്‍,സിഡ്നി, പര്‍ത്ത് തുടങ്ങിയ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി.
മെല്‍ബണിലെ പാര്‍ലമെന്റ് ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഓസ്ട്രേലിയന്‍ ദേശീയ പതാക കത്തിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.പ്രതിഷേധക്കാര്‍ തദ്ദേശീയ പതാകകള്‍ ഉയര്‍ത്തിയും എന്നും ഇത് ആദിവാസികളുടെ ഭൂമിയായിരുന്നു. (Always was, always will be Aboriginal land) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും റാലികള്‍ നടത്തി.
പര്‍ത്തില്‍ നടന്ന റാലിക്കിടെ ജനക്കൂട്ടത്തിന് നേരെ സ്‌ഫോടകവസ്തു എറിയാന്‍ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.മെല്‍ബണില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും പ്രതിഷേധക്കാരും മുഖാമുഖം വന്നത് നേരിയ സംഘര്‍ഷത്തിന് കാരണമായെങ്കിലും വന്‍ പോലീസ് സന്നാഹം ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.
1788-ല്‍ ബ്രിട്ടീഷ് കപ്പലുകള്‍ സിഡ്നിയില്‍ എത്തിയ ദിവസമാണ് ജനുവരി 26.തദ്ദേശീയരെ സംബന്ധിച്ചിടത്തോളം ഇത് വംശഹത്യയുടെയും അടിച്ചമര്‍ത്തലിന്റെയും തുടക്കമായതിനാല്‍ ദേശീയ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം ഇത്തവണയും ശക്തമായി ഉയര്‍ന്നു.മെല്‍ബണിലെ പല പ്രാദേശിക കൗണ്‍സിലുകളും ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കി പകരം തദ്ദേശീയരുടെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചു.
രാജ്യം ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചു.വിഭജനത്തിന്റെ പാത ഉപേക്ഷിച്ച് രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സിറ്റിസണ്‍ഷിപ്പ് ചടങ്ങുകളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

