സിഡ്നി: ഓസ്ട്രേലിയ ഡേ ആഘോഷങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ദേശീയ പതാക കത്തിച്ചത് വലിയ വിവാദത്തിന് വഴിവെച്ചു.മെല്‍ബണിലും സിഡ്നിയിലും നടന്ന ഇന്‍വേഷന്‍ ഡേ (അധിനിവേശ ദിനം) റാലികളിലാണ് ഒരു വിഭാഗം പ്രതിഷേധക്കാര്‍ പതാക കത്തിച്ച് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ബ്രിട്ടീഷ് കപ്പലുകള്‍ ഓസ്ട്രേലിയയില്‍ എത്തിയ ജനുവരി 26 തദ്ദേശീയ ജനതയുടെ വംശഹത്യയുടെ തുടക്കമാണെന്ന് ആരോപിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയത്.മെല്‍ബണിലെ പാര്‍ലമെന്റ് ഹൗസിന് മുന്നില്‍ വെച്ച് പതാക കത്തിച്ച പ്രതിഷേധക്കാര്‍,എന്നും ഇത് ആദിവാസികളുടെ ഭൂമിയായിരുന്നു’ (Always was, always will be Aboriginal land) എന്ന് ഉറക്കെ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഓസ്ട്രേലിയന്‍ പതാകയ്ക്ക് പകരം തദ്ദേശീയ പതാകകള്‍ (Aboriginal flags) ഉയര്‍ത്തിയാണ് റാലികള്‍ നടന്നത്.
പതാക കത്തിച്ച നടപടിയെ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ കടുത്ത ഭാഷയില്‍ അപലപിച്ചു.ഇത് രാജ്യത്തെയും അതിന്റെ മൂല്യങ്ങളെയും അപമാനിക്കുന്ന പ്രവൃത്തിയാണെന്നും,ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതിഷേധക്കാരുടെ വികാരങ്ങളെ മാനിക്കുന്നുവെങ്കിലും പതാകയോടുള്ള അനാദരവിനെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.രാജ്യം വിഭജനത്തിന്റെ പാതയിലല്ല,മറിച്ച് ഐക്യത്തിന്റെ പാതയിലാണ് നീങ്ങേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പതാക കത്തിക്കല്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍,രാജ്യത്തോടുള്ള അനാദരവാണിതെന്ന് മറുവിഭാഗം ഉറച്ചുനില്‍ക്കുന്നു.ചില നഗരങ്ങളില്‍ പ്രതിഷേധക്കാരും വലതുപക്ഷ ഗ്രൂപ്പുകളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

