കാന്‍ബറ: ഓസ്ട്രേലിയ ഡേ ആഘോഷങ്ങള്‍ക്കിടെ ദേശീയ പതാക കത്തിച്ച സംഭവത്തില്‍ രാജ്യത്ത് രാഷ്ട്രീയ പോര് മുറുകുന്നു.പതാകയെയും മറ്റ് ദേശീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമാക്കാന്‍ പുതിയ നിയമനിര്‍മ്മാണം വേണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അഭിമാനത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ ലേബര്‍ സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.നമ്മുടെ പതാക വെറുമൊരു തുണിക്കഷ്ണമല്ല,അത് രാജ്യത്തിന്റെ ഐക്യത്തിന്റെ അടയാളമാണ്.അതിനെ പരസ്യമായി അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ല,ഡട്ടണ്‍ കാന്‍ബറയില്‍ പറഞ്ഞു.പതാക കത്തിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മറുപടി നല്കി.ഓസ്ട്രേലിയയുടെ സങ്കീര്‍ണ്ണമായ ചരിത്രത്തെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും എന്നാല്‍ പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ വിഭജിക്കുന്ന പ്രസ്താവനകളില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പതാക കത്തിക്കുന്നതിലല്ല,മറിച്ച് തദ്ദേശീയ ജനത അനുഭവിക്കുന്ന നീതികേടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഗ്രീന്‍സ് പാര്‍ട്ടി വ്യക്തമാക്കി.ജനുവരി 26 മാറ്റുന്നത് വരെ ഇത്തരം പ്രതിഷേധങ്ങള്‍ തുടരുമെന്നും,ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ നിയമം കൊണ്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താനാവില്ലെന്നും ഗ്രീന്‍സ് സെനറ്റര്‍മാര്‍ പ്രതികരിച്ചു

