ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ, അല്‍കാരാസും സ്വെരേവും സെമിയില്‍; സബലേങ്കയുടെ കുതിപ്പ് തുടരുന്നു

മെല്‍ബണ്‍: ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരാസും ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വെരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സെമി ഫൈനലില്‍ പ്രവേശിച്ചു.വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ അരീന സബലേങ്കയും സെമി ഉറപ്പിച്ചു.

ആതിഥേയരുടെ പ്രതീക്ഷയായിരുന്ന അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസ് തന്റെ ആദ്യ മെല്‍ബണ്‍ സെമി ഫൈനല്‍ ടിക്കറ്റ് എടുത്തത്. സ്‌കോര്‍: 7-5, 6-2, 6-1. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ച ഡി മിനോറിന് പിന്നീട് അല്‍കാരാസിന്റെ കരുത്തുറ്റ ഫോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കരിയര്‍ ഗ്രാന്‍ഡ് സ്ലാം തികയ്ക്കാന്‍ അല്‍കാരാസിന് ഇനി രണ്ട് വിജയങ്ങള്‍ കൂടി മതി.

അമേരിക്കയുടെ കൗമാര താരം ലേണര്‍ ടിയാനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് അലക്സാണ്ടര്‍ സ്വെരേവ് സെമിയിലെത്തിയത്. സ്‌കോര്‍: 6-3, 6-7, 6-1, 7-6. ടിയാന്റെ അപ്രതീക്ഷിത മുന്നേറ്റം മത്സരത്തെ ആവേശകരമാക്കി മാറ്റിയെങ്കിലും അനുഭവസമ്പത്ത് സ്വെരേവിനെ തുണച്ചു.സെമിയില്‍ അല്‍കാരാസാണ് സ്വെരേവിന്റെ എതിരാളി.

വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ അരീന സബലേങ്ക സെമിയില്‍ കടന്നു. അമേരിക്കന്‍ യുവതാരം ഐവ ജോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (63, 60) സബലേങ്ക പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ എലീന സ്വിറ്റോലിന കോക്കോ ഗോഫിനെ അട്ടിമറിച്ചതോടെ സെമിയില്‍ സബലേങ്ക-സ്വിറ്റോലിന പോരാട്ടം ഉറപ്പായി.

മെല്‍ബണിലെ അതികഠിനമായ ചൂട് (45°-C) മത്സരങ്ങളെ ബാധിച്ചു.എക്സ്ട്രീം ഹീറ്റ് പോളിസി പ്രകാരം പല മത്സരങ്ങളും സ്റ്റേഡിയം മേല്‍ക്കൂരകള്‍ അടച്ചാണ് നടത്തിയത്. കടുത്ത ചൂട് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെങ്കിലും ആരാധകരുടെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *