വാഷിംഗ്ടൺ ഡിസി: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം വാഗ്ദാനം നല്കിയ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വാഹനങ്ങൾ, തടി, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ നികുതി 15 ശതമാനത്തിൽ നിന്ന് 25 ആയി ഉയർത്തുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം, നികുതി വർധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ വാഷിംഗ്ടണുമായി അടിയന്തര ചർച്ചകൾ നടത്താൻ താല്പര്യപ്പെടുന്നുവെന്നുമാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് ധാരണയിലെത്തിയത്. ഇതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയ യുഎസിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കപ്പൽ നിർമാണ മേഖലയിലേക്കാണ് നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത മാസം ദക്ഷിണ കൊറിയ കരാർ അംഗീകരിക്കുന്ന നടപടികൾ ആരംഭിച്ചാൽ ചില ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.

