കീവ്: യുക്രെയ്ന് റഷ്യ യുദ്ധം അവസാനിപ്പിക്കാനായി അബുദാബിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും യുക്രെയ്നിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യന്‍ ആക്രമണം തുടരുന്നു. വടക്കുകിഴക്കന്‍ യുക്രെയ്നിലെ സുമി മേഖലയില്‍ യാത്രാ ട്രെയിനിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ ഡ്രോണുകള്‍ സുമി മേഖലയിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിനിനെ ലക്ഷ്യം വെച്ചത്. അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സാധാരണക്കാരായ യാത്രക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനിന് നേരെ നടന്ന ഈ ആക്രമണത്തെ യുക്രെയ്ന് അപലപിച്ചു. അബുദാബിയില്‍ ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഈ ആക്രമണം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ റഷ്യ രക്തച്ചൊരിച്ചില്‍ തുടരുകയാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കി പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ ആക്രമണം.
സമാധാന കരാറിലെത്താന്‍ റഷ്യ ആക്രമണം നിര്‍ത്തണമെന്ന കര്‍ശന നിലപാടിലാണ് അമേരിക്കന്‍ പ്രതിനിധികള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ഡോണ്‍ബാസ് മേഖലയിലെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പുതിയ ആക്രമണങ്ങളിലൂടെ റഷ്യ നല്‍കുന്നത്.
സമാധാന ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും യുക്രെയ്നിലെ യുദ്ധഭൂമിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന അബുദാബി ചര്‍ച്ചകളില്‍ ഈ പുതിയ ആക്രമണങ്ങള്‍ വലിയ തര്ക്കവിഷയമായേക്കും.

