അഡ്ലെയ്ഡ് ; ദക്ഷിണ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിന് സമീപമുള്ള നെറ്റ്ലിയില് നടുറോഡില്‍ വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.അക്രമത്തിന് ശേഷവും ഇരയെ പിന്തുടര്ന്ന് ആംബുലന്‍സിനുള്ളില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടി.
ബുധനാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ നെറ്റ്ലിയിലെ മരിയന്‍ റോഡിലാണ് (Marion Roa-d) ആദ്യ സംഭവം നടന്നത്.വഴിയരികില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ 32 വയസ്സുകാരനായ യുവാവിന് കാലുകളില്‍ ഒന്നിലധികം തവണ കുത്തേറ്റു.വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പാരാമെഡിക്സ് സംഘം പ്രാഥമിക ചികിത്സ നല്കി റോയല്‍ അഡ്ലെയ്ഡ് ആശുപത്രിയിലേക്ക് (RAH) മാറ്റി.
പരിക്കേറ്റ യുവാവുമായി ആംബുലന്‍സ് ആശുപത്രിയിലെത്തിയപ്പോള്‍,പ്രതി അവിടെയും ആയുധവുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.ആംബുലന്‍സ് തുറന്ന ഉടന്‍ ഇയാള്‍ കത്തി വീശിക്കൊണ്ട് ഇരയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു.എന്നാല്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സമയോചിതമായ ഇടപെടല്‍ കാരണം കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.പ്രതി ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ഒരു വൈറ്റ് പോര്‍ഷെ (White Porsche) കാറില്‍ കയറി രക്ഷപ്പെട്ടു
വിക്ടോറിയ രജിസ്ട്രേഷനുള്ള (VDI 775) ആഡംബര കാറില്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസ് ഹൈവേകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി.പോലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഒടുവില്‍ സൗത്ത് ഈസ്റ്റേണ്‍ ഫ്രീവേയില്‍ മൗണ്ട് ഓസ്മണ്ടിന് (Mount Osmond) സമീപം വെച്ച് പോലീസ് വളഞ്ഞു.രക്ഷപ്പെടാന്‍ വഴിയില്ലെന്ന് കണ്ട പ്രതി കാര്‍ നിര്‍ത്തി കീഴടങ്ങുകയായിരുന്നു. വിക്ടോറിയയില്‍ നിന്നുള്ള 27 വയസ്സുകാരനായ യുവാവാണ് പ്രതി.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി.പരിക്കേറ്റ 32-കാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.മുറിവുകള്‍ ഗൗരവകരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
‘ഇതൊരു ആകസ്മികമായ ആക്രമണമല്ലെന്നും ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും എങ്കിലും പൊതുസ്ഥലത്ത് ഇത്തരമൊരു അക്രമം നടന്നത് ഗൗരവമായെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്നു സൗത്ത് ഓസ്ട്രേലിയ പോലീസ് പറഞ്ഞു

