മരുന്നുകളുടെ അമിത ഉപയോഗത്തിന് കടിഞ്ഞാണ്‍; വിപ്ലവകരമായ ‘നാഷണല്‍ മെഡിസിന്‍സ് റെക്കോര്‍ഡ്’ പ്രഖ്യാപിച്ച് അല്‍ബാനീസ് സര്‍ക്കാര്‍

കാന്‍ബെറ : ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയില്‍ സുരക്ഷയുടെ പുതിയ അധ്യായം കുറിച്ചുകൊണ്ട്, രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ ഏകീകരിക്കുന്ന ‘നാഷണല്‍ മെഡിസിന്‍സ് റെക്കോര്‍ഡ്’ (Nationa-l Medicines Record) പദ്ധതിക്ക് അല്‍ബാനീസ് സര്‍ക്കാര്‍ തുടക്കമിടുന്നു.മരുന്നുകളുടെ അമിത ഉപയോഗവും തെറ്റായ ഔഷധക്കൂട്ടുകളും മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 24-കാരിയായ എറിന്‍ കോളിന്‍സ് എന്ന യുവതിയുടെ ദാരുണ അന്ത്യമാണ് ഈ നിയമനിര്‍മ്മാണത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്.വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിച്ച മരുന്നുകള്‍ അമിതമായി ഉപയോഗിച്ചതാണ് എറിന്റെ ജീവന്‍ കവര്‍ന്നത്.തന്റെ മകള്‍ക്കുണ്ടായ വിധി മറ്റാര്‍ക്കും ഉണ്ടാകരുത് എന്ന ഉറച്ച ലക്ഷ്യത്തോടെ എറിന്റെ അമ്മ ആലിസണ്‍ കോളിന്‍സ് നടത്തിയ ധീരമായ പോരാട്ടത്തിന്റെ വിജയമായാണ് ഈ പുതിയ മാറ്റം വിലയിരുത്തപ്പെടുന്നത്.

ഇനി മുതല്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ഒരു രോഗി ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ പരിശോധിക്കാം.ഓണ്‍ലൈന്‍ വഴിയുള്ള ടെലിഹെല്‍ത്ത് കുറിപ്പടികള്‍ ഉള്‍പ്പെടെ എല്ലാ മരുന്നുകളുടെയും വിവരങ്ങള്‍ ‘മൈ ഹെല്‍ത്ത് റെക്കോര്‍ഡില്‍’ (My Health Record) നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.മരുന്നുകള്‍ മാറിപ്പോകുന്നത് ഒരേ മരുന്ന് പലയിടങ്ങളില്‍ നിന്ന് വാങ്ങുന്നത് , അപകടകരമായ പാര്‍ശ്വഫലങ്ങള്‍ എന്നിവ തടയാന്‍ ഇതിലൂടെ സാധിക്കും.ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ , ആക്റ്റീവ് സ്‌ക്രിപ്റ്റ് ലിസ്റ്റ് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നത്.

ആരോഗ്യമേഖലയുടെ സുരക്ഷയില്‍ ഇതൊരു വലിയ ചുവടുവെപ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാര്‍ക്ക് ബട്‌ലര്‍ പറഞ്ഞു.എറിന്‍ കോളിന്‍സിന്റെ കുടുംബത്തിന്റെ പോരാട്ടം വെറുതെയാകില്ല.രോഗികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സംവിധാനം ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റുകളെയും സഹായിക്കും,അദ്ദേഹം വ്യക്തമാക്കി.

ഈ മാറ്റങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് നല്‍കുന്ന ആശ്വാസം വലുതാണ്. എറിന്റെ കഥ ഇനിയൊരു ജീവന്‍ രക്ഷിക്കാന്‍ കാരണമാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു, എന്ന് ആലിസണ്‍ കോളിന്‍സ് വികാരാധീനയായി പ്രതികരിച്ചു.പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും 2026 ഡിസംബറോടെ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *