കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാടകീയരംഗങ്ങള്‍. കാസര്‍ഗോഡ് മുളിയാര്‍ സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില്‍ ഉള്ളാള്‍ ദര്‍ഗ സന്ദര്ശിച്ചുമടങ്ങുകയായിരുന്നു.
കുമ്പള ടോള്‍ പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള്‍ തുക ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാരിയര്‍ ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ ബാരിയര്‍ ബൂം വീണ്ടും കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് വീണു. ശബ്ദംകേട്ട് മുന്‍ സീറ്റില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് ഞെട്ടി. ഇതേത്തുടര്‍ന്ന് യുവാവ് ടോള്‍ പ്ലാസ ജീവനക്കാരോട് കയര്‍ത്തു. ജീവനക്കാര്‍ ഹിന്ദിക്കാര് ആയതിനാല്‍ യുവാവ് എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകാത്തതിനാല് തര്‍ക്കം ഏറെനേരം നീണ്ടുനില്‍ക്കുകയും പ്ലാസയില്‍ ഗതാഗതകുരുക്ക് രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍നിന്നു വലിച്ചിറക്കി പൊക്കിയെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബന്ധുവായ സ്ത്രീയുടെ കൈ പോലീസുകാര്‍ പിടിച്ചുവലിച്ചതായും മുമ്പ് ശസ്ത്രക്രിയക്കു വിധേയമായ ഇവരുടെ കൈയില്‍ ഇതേത്തുടര്‍ന്ന് വീക്കം സംഭവിച്ചതായും യുവാവ് പറഞ്ഞു.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി അയച്ചിട്ടുണ്ടെന്നും കേരള വനിതാ കമ്മീഷനെയും ജില്ലാ പോലീസ് മേധാവിയെയും സമീപിക്കുമെന്നും യുവാവ് പറഞ്ഞു.

