തിരുവനന്തപുരം: വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇറോനെറ്റ്, ബിഎൽഒ ആപ്പ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാക്കി.
ജനനസ്ഥലം വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്ലൈനായി ബിഎൽഒ, ഇആർഒ എന്നിവർ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്കു പുറത്ത് ’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം.
നിലവിലെ ഫോം ആറിലോ ഫോം 6 എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്കു പുറത്താണെന്നു രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു കാരണം. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ‘ദീപിക’ നേരത്തേ വാർത്ത നൽകിയിരുന്നു.
പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരം (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തേ സജ്ജമായിരുന്നു. ഇതുവരെ ഫോം 6 എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

