വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും എന്നാൽ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.
ഇതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാൽ, യുദ്ധത്തിലേക്കു തള്ളിവിട്ടാൽ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
“ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങൾ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താൽ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോൾ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.
അതു വീണ്ടും സംഭവിക്കാൻ അനുവദിക്കരുതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. മാലിക്കിയുടെ ഭ്രാന്തൻ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക ഇറാക്കിനെ മേലിൽ സഹായിക്കില്ല. സഹായിക്കാൻ തങ്ങളില്ലെങ്കിൽ ഇറാക്കിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. ‘മേക്ക് ഇറാക്ക് ഗ്രേറ്റ് എഗെയ്ൻ’ – ട്രംപ് പറഞ്ഞു.

