ന്യൂയോർക്ക്: ഐടി കമ്പനിയായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 16,000 ജീവനക്കാരെയാണ് ഇത്തവണ ആമസോൺ പിരിച്ചുവിടുന്നത്. നിർമിതബുദ്ധിയുടെ വരവിനുശേഷം മൂന്ന് മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണ്.
ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ മൂന്ന് മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി പറഞ്ഞു. 2023ൽ കമ്പനി 27,000 പേരെ പിരിച്ചുവിട്ട് ജോലിക്കാരുടെ എണ്ണം ക്രമീകരിച്ചിരുന്നു.
യുഎസിൽ സമീപകാലത്ത് പുതിയ ജോലികൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 50,000 പേർക്കു മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്. നവംബറിൽ ഇത് 56,000 ആയിരുന്നു. 30,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് വമ്പൻ കമ്പനിയായ യുപിഎസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

