ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.

