സംസ്ഥാനത്ത് മുല്ലപ്പൂ വില റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുന്നു. നിലവിൽ മൊത്തവിപണിയിൽ ഒരു മുഴം പൂവിന് 160 രൂപയും ചില്ലറ വിപണിയിൽ 210 രൂപ വരെയുമാണ് വില. ഒരു കിലോ മുല്ലപ്പൂവ് വാങ്ങണമെങ്കിൽ 7000 രൂപ മുതൽ 8000 രൂപ വരെ നൽകേണ്ടി വരുന്നു. കഴിഞ്ഞ വർഷം ഇതേസമയം 4000 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ കിലോയ്ക്ക് 12,000 രൂപ വരെ വില ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
വിവാഹ സീസണും ഉത്സവങ്ങളും പൊങ്കൽ ആഘോഷങ്ങളും എത്തിയതാണ് വില ഇത്രയധികം ഉയരാൻ കാരണമായത്. എന്നാൽ കനത്ത മഴയും മഞ്ഞും മൂലം ഉത്പാദനം പകുതിയായി കുറഞ്ഞത് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂവ് എത്തുന്നത്. തണുപ്പുകാലമായതിനാൽ പൂക്കളുടെ വലുപ്പം കുറഞ്ഞതും കരിമൊട്ടുകൾ കൂടുതലായി എത്തുന്നതും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.

