പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലംമാറ്റി. ബിജെപി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപ പിഴ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് ഈ മാറ്റം. ഷൈനിയെ കൗൺസിൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കൗൺസിൽ സെക്രട്ടറിയായ പി. അനിൽകുമാറാണ് പുതിയ റവന്യൂ ഓഫീസർ.
കോർപ്പറേഷന്റെ മുൻകൂട്ടി ഉള്ള അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിനെത്തുടർന്നാണ് റവന്യൂ വിഭാഗം പിഴ ഈടാക്കാൻ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ സെക്രട്ടറി ബിജെപിക്ക് നോട്ടീസ് നൽകിയത്. ബിജെപി ഭരണത്തിലുള്ള ഒരു നഗരസഭയിൽ സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
റവന്യൂ ഓഫീസർക്ക് പുറമെ മറ്റു ചില ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റമുണ്ട്. ചട്ടങ്ങൾ ലംഘിച്ച് 23 വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നുവെന്ന് ബിജെപി ആരോപിച്ച ഇടത് യൂണിയൻ നേതാവും റവന്യൂ ഇൻസ്പെക്ടറുമായ പി. സുരേഷ് കുമാറിനെ ആറ്റിപ്ര സോണൽ ഓഫീസിലേക്ക് മാറ്റി. കൂടാതെ, പൊതുഭരണ വിഭാഗം സൂപ്രണ്ട് ആർ.സി. രാജേഷ് കുമാറിനെ തിരുവല്ലം സോണൽ ഓഫീസിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.

