മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂർണ ബഹുമതികളോടെ സംസ്കരിച്ചു. അജിത് പവാറിന്റെ രാഷ്ട്രീയ ശക്തികേന്ദ്രവും ജന്മസ്ഥലവുമായ ബാരാമതിയിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ ഒൻപതിന് ബാരാമതിയിലെ വിദ്യാ പ്രത്ഷ്ഠാൻ മൈതാനത്താണ് അന്ത്യകർമങ്ങൾ നടന്നത്. അജിത് പവാർ അനുയായികളും എൻസിപി പ്രവർത്തകരുമായ ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
അഞ്ച് സ്ഥലങ്ങളിലൂടെ വിലാപയാത്ര പോകണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജനക്കൂട്ടത്തിന്റെ തിരക്കിനെ തുടർന്ന് അന്ത്യകർമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര, മക്കളായ പാർഥ്, ജയ് എന്നിവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. ശരദ് പവാർ, മകൾ സുപ്രിയ സുലെ, ശിവസേന മേധാവും മുൻ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ബോളിവുഡ് താരങ്ങൾ എന്നിവരും അന്ത്യകർമങ്ങളിൽ പങ്കെടുത്തു.
ബാരാമതി വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനമായ ലിയർജെറ്റ് 45 തകർന്നുവീണാണ് 66 വയസുകാരനായ അജിത് പവാർ ഉൾപ്പടെ നാലുപേർ മരിച്ചത്. ബാരാമതിയിലെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് വിമാനത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

