ബുറെവി ചുഴലിക്കാറ്റ്: ശക്മായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം

ബുറെവി ചുഴലിക്കാറ്റ്: ശക്മായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ഡിസംബര്‍ 4-നു തിരുവനന്തപുരത്ത് കൂടി കടന്നു പോകാനുള്ള സാധ്യതയാണ് കാണുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3-ാം തീയതി മുതല്‍ 5-ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടുവെന്നും സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിസംബർ 3 മുതൽ 5 വരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ സംവിധാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്സിന്‍റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്

ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാംപുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാംപുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാർജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.