കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്‌ട്രെച്ചിന്‍റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.
പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്‌വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

