പരവൂർ: ചെറിയ മൂല്യമുള്ള കറൻസികൾ മാത്രം വിതരണം ചെയ്യുന്നതിന് മാത്രം പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നു. ദൈനംദിന ഇടപാടുകൾക്കായി ഇപ്പോഴും ചെറിയ തുകകളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. ദിവസ വേതനക്കാർ, തെരുവ് കച്ചവടക്കാർ / ചെറുകിട കടയുടമകൾ, യാത്രക്കാർ തുടങ്ങിയവർ ഇപ്പോഴും പതിവ് വാങ്ങലുകൾക്കും കൊടുക്കലുകൾക്കും ചെറിയ തുകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ചെറിയ തുകകളുടെ കറൻസികൾ ഇപ്പോൾ എടിഎമ്മുകളിൽ ലഭ്യമല്ല.
ഇപ്പോൾ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളിൽ 500, 200, 100 രൂപ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ കൂടുതലും 500 രൂപ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ മാത്രം ലഭിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ഇത് കൂടാതെ 500 രൂപ അടക്കമുള്ള വലിയ തുകയുടെ നോട്ടുകൾ ചെറിയ തുകയുടെ നോട്ടുകളായി മാറ്റി വാങ്ങാൻ സൗകര്യമുള്ള ഹൈബ്രിഡ് എടിഎമ്മുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ചെറിയ നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന പുതിയ എടിഎമ്മുകൾ മുംബൈയിൽ പൈലറ്റ് പ്രോജക്ടായി പ്രവർത്തനം തുടങ്ങി. പ്രാദേശിക മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് പുതിയ എടിഎമ്മുകൾ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതലായി അച്ചടിക്കുന്ന കാര്യവും റിസർവ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി.
ഇടപാടുകാരെ സംബന്ധിച്ചിടത്തോളം പുതിയ എടിഎമ്മുകൾ ഗുണകരമാണെങ്കിലും പദ്ധതി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ കണക്കുകൂട്ടൽ.
പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനും അവ പരിപാലിക്കുന്നതിനും ഉയർന്ന ചെലവുകൾ വഹിക്കേണ്ടി വന്നേക്കാം എന്നതാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. മാത്രമല്ല സുരക്ഷാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

