മെല്‍ബണ്‍: ഓസ്ട്രേലിയയുടെ തെക്ക്-കിഴക്കന്‍ മേഖലകളില്‍ റെക്കോര്‍ഡ് ചൂട് തുടരുന്നു.വിക്ടോറിയയുടെ പല ഭാഗങ്ങളിലും താപനില 48°-C കടന്നു.കനത്ത കാട്ടുതീയെത്തുടര്‍ന്ന് മെല്‍ബണ്‍ നഗരമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പുകമഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ്.വിക്ടോറിയയിലെ മല്ലി മേഖലയില്‍ താപനില 48.9°-C രേഖപ്പെടുത്തി.ഇത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.അഡ്ലെയ്ഡിലും നൈറ്റ് ടെമ്പറേച്ചര്‍ റെക്കോര്‍ഡ് നിലവാരത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിക്ടോറിയയില്‍ നിലവില്‍ 67 ഇടങ്ങളില്‍ തീ പടരുന്നുണ്ട്.ഇതില്‍ പത്തെണ്ണം നിയന്ത്രണാതീതമാണ്. കാര്‍ലിസ് റോഡ് വാല്‍വ ഡാര്‍ഗോ എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.ജനുവരിയില്‍ മാത്രം വിക്ടോറിയയില്‍ 900 കെട്ടിടങ്ങള്‍ തീപിടുത്തത്തില്‍ നശിച്ചു.ഏകദേശം 4,00,000 ഹെക്ടര്‍ വനഭൂമി ഇതിനകം കത്തിയമര്‍ന്നു. ഒരാള്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.തീ അണയ്ക്കാന്‍ പ്രാദേശിക അഗ്നിശമന സേനയെ സഹായിക്കാന്‍ കാനഡയില്‍ നിന്ന് 74 പേരും ന്യൂസിലന്‍ഡില്‍ നിന്നുള്ള സംഘവും വിക്ടോറിയയില്‍ എത്തിച്ചേര്‍ന്നു.കടുത്ത ചൂടും കാറ്റും കാരണം ഏകദേശം 90,000 വീടുകളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.ട്രാന്സ്മിഷന് ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണ് കാരണം.
മെല്‍ബണ്‍ നഗരത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ കാഴ്ചപരിധി കുറയുകയും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴുകയും ചെയ്തു.ശ്വസനസംബന്ധമായ പ്രശ്നങ്ങ ളുള്ളവര്‍,കുട്ടികള്‍,പ്രായമായവര്‍ എന്നിവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

