കൊച്ചി: ഇടകൊച്ചിയില്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ നശിപ്പിച്ച് തെരുവുനായകള്‍. സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകളാണ് തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചത്. വാഹനത്തിന്റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്റെ ഭാഗത്ത് മോസ്കിന്റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്. രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്.
അതേസമയം, ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

