മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രധാന വൈദ്യുതി ഗ്രിഡായ നാഷണല്‍ ഇലക്ട്രിസിറ്റി മാര്‍ക്കറ്റില്‍ (NEM) പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിഹിതം ആദ്യമായി 50 ശതമാനത്തിന് മുകളില്‍ എത്തിയതായി ഓസ്ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്റര്‍ (AEMO) അറിയിച്ചു. 2025-ന്റെ അവസാന പാദത്തിലെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് ഇന്നാണ് ഈ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 51 ശതമാനവും സൗരോര്‍ജ്ജം, കാറ്റ് (Wind), ജലം (Hydro) എന്നിവയില്‍ നിന്നാണ് ലഭിച്ചത്.മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 46 ശതമാനമായിരുന്നു.
റൂഫ്ടോപ്പ് സോളാര്‍ പാനലുകളുടെ ഉപയോഗത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ നേട്ടത്തിന് പ്രധാന കാരണം.ചില ഉച്ചസമയങ്ങളില്‍ രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 60 ശതമാനത്തിലധികം സൗരോര്‍ജ്ജം മാത്രം നല്‍കുന്ന സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുനരുപയോഗ ഊര്‍ജ്ജം വര്‍ധിച്ചതോടെ കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് (4.6% കുറവ്) താഴ്ന്നു.വാതകത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 2000-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്.
പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഈ കുതിച്ചുചാട്ടം മൊത്തക്കച്ചവട വൈദ്യുതി വിലയില്‍ (Wholesale eletcricity prices) വന്‍ കുറവുണ്ടാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ഏകദേശം 44 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ സാധാരണക്കാരുടെ വൈദ്യുതി ബില്ലിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതൊരു ചരിത്ര നിമിഷമാണ്. വര്‍ഷങ്ങളായുള്ള നിക്ഷേപങ്ങളുടെയും പ്ലാനിംഗിന്റെയും ഫലമാണിതെന്ന് AEMO എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ വയലറ്റ് മൗച്ചൈലെ പറഞ്ഞു. 2030-ഓടെ 82 ശതമാനം പുനരുപയോഗ ഊര്‍ജ്ജം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം വേഗത്തില്‍ നീങ്ങുകയാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

