കാൻബറ: പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച് ഓസ്ട്രേലിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയും നാഷണൽ പാർട്ടിയും വെവ്വേറെ ഇരിക്കാൻ തീരുമാനിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിൽ വൻ വിള്ളൽ. ലേബർ ഗവൺമെന്റിന്റെ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തെ (Hate speech laws) അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സഖ്യത്തിന്റെ തകർച്ചയിൽ കലാശിച്ചത്. ഇതേത്തുടർന്ന് ചൊവ്വാഴ്ച പാർലമെന്റ് സമ്മേളിച്ചപ്പോൾ ഇരു പാർട്ടികളിലെയും അംഗങ്ങൾ പ്രത്യേക ബ്ലോക്കുകളിലായാണ് ഇരുന്നത്.
ലിബറൽ പാർട്ടി നേതാവ് സൂസൻ ലേ (Sussan Ley) സഖ്യം പുനഃസ്ഥാപിക്കാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് (David Littleproud) തള്ളിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. മുന്നണി മര്യാദകൾ ലംഘിച്ച് വോട്ട് ചെയ്ത മൂന്ന് സെനറ്റർമാരെ ആറു മാസത്തേക്ക് മാറ്റിനിർത്തണമെന്ന സൂസൻ ലേയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നാഷണൽസ് വ്യക്തമാക്കി.
അതേസമയം, ലിബറൽ പാർട്ടിക്കുള്ളിലും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുകയാണ്. സൂസൻ ലേയുടെ നേതൃത്വത്തിൽ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രതിരോധ മന്ത്രി ആംഗസ് ടെയ്ലർ (Angus Taylor) രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഖ്യത്തിലെ ഭിന്നത പരിഹരിക്കാൻ “രക്തവും വിയർപ്പും ഒഴുക്കേണ്ടി വരുമെന്ന്” എൽഎൻപി എംപി ഗാർത്ത് ഹാമിൽട്ടൺ പ്രതികരിച്ചു. വരും ദിവസങ്ങളിൽ പ്രതിപക്ഷ നിരയിൽ നിർണ്ണായകമായ പല രാഷ്ട്രീയ മാറ്റങ്ങളും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

