കാട്ടാക്കട: കുളത്തോട്ടുമലയിൽ നിർമ്മിച്ച പുതിയ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മന്ദിരത്തിന്റെയും നവീകരിച്ച കുളത്തോട്ടുമല-പ്ലാവൂർ റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറിയതോടെ വലിയ വരുമാന വർദ്ധനവാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷം കൊണ്ട് 32 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും സംസ്ഥാനത്തെ 186 റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ശേഷം ഇതുവരെ 5,26,798 ബുക്കിങ്ങുകൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഹബ്ബായി മാറിയെന്നും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 ശതമാനം റോഡുകളും ബി.എം.ബി.സി (BM&BC) നിലവാരത്തിലേക്ക് ഉയർന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാട്ടാക്കടയിൽ നിന്ന് കുളത്തോട്ടുമലയിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി ബസ് റൂട്ടിന്റെ ഫ്ളാഗ് ഓഫ് കർമ്മവും എം.എൽ.എ നിർവ്വഹിച്ചു. നെയ്യാർ ഡാം, കോട്ടൂർ ആന സംരക്ഷണ കേന്ദ്രം, അഗസ്ത്യാർകൂടം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് കാട്ടാക്കടയെന്നും ഭാവിയെ മുൻകൂട്ടി കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ റെസ്റ്റ് ഹൗസ് വരുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് ആകർഷിക്കപ്പെടുമെന്നും ടൂറിസം അനുബന്ധ വ്യവസായങ്ങൾ മണ്ഡലത്തിൽ വളരുമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
4.11 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ റെസ്റ്റ് ഹൗസ് മന്ദിരം പണികഴിപ്പിച്ചത്. കോൺഫറൻസ് ഹാൾ, സ്യൂട്ട് റൂം, വി.ഐ.പി റൂം എന്നിവയ്ക്ക് പുറമേ ബാൽക്കണി സൗകര്യത്തോടു കൂടിയ അഞ്ച് റൂമുകളും പുതിയ മന്ദിരത്തിലുണ്ട്. റെസ്റ്റ് ഹൗസിലേക്കുള്ള പ്രധാന പാതയായ 2.035 കിലോമീറ്റർ ദൈർഘ്യമുള്ള കുളത്തോട്ടുമല-പ്ലാവൂർ റോഡ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.43 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു

