ബിജെപി പിഴയൊടുക്കിയില്ല; നോട്ടീസ് നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും മൗനം പാലിച്ച് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് ചുമത്തിയ പിഴ ഇതുവരെ ഈടാക്കിയില്ല. 19.97 ലക്ഷം രൂപ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ മാസം 23-നാണ് നഗരസഭ നോട്ടീസ് നൽകിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും തുക അടയ്ക്കാനോ അപ്പീൽ നൽകാനോ തയ്യാറായിട്ടില്ല.

അനധികൃത ബോർഡുകളുടെ പേരിൽ ബിജെപിക്ക് നോട്ടീസ് നൽകിയ റവന്യൂ ഓഫീസറെ സ്ഥലം മാറ്റിയതോടെ മറ്റ് ജീവനക്കാർ തുടർനടപടികൾക്ക് മടിക്കുന്നതായാണ് സൂചന. നഗരസഭ ഭരിക്കുന്ന പാർട്ടിക്കെതിരെ കർശന നിലപാട് സ്വീകരിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമോ എന്ന ഭയമാണ് ഉദ്യോഗസ്ഥർക്കെന്ന ആക്ഷേപം ശക്തമാണ്.

അതേസമയം, നഗരത്തിലെ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടികളും നീക്കം ചെയ്യാൻ നഗരസഭ കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. പ്രധാനമന്ത്രിയുടെ പരിപാടിയുടെ ബോർഡുകൾ ഒരാഴ്ച കഴിഞ്ഞിട്ടും നീക്കാത്തത് വിവാദമായതോടെ പല ജംഗ്ഷനുകളിൽ നിന്നും ഇവ മാറ്റിയതായി അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ കണ്ടെത്തി പിഴ ഈടാക്കാനുള്ള ചുമതല നിലവിൽ ഒരു സ്വകാര്യ കമ്പനിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *