ബാറ്റ് പിടിക്കാനറിയാത്തവർ ക്രിക്കറ്റ് അസോസിയേഷൻ ഭരിക്കേണ്ട; കായിക സംഘടനകൾക്കെതിരെ സുപ്രീംകോടതി

കായിക സംഘടനകളുടെ ഭരണചുമതല കായികരംഗത്ത് പ്രാവീണ്യമില്ലാത്തവർ കൈയാളുന്നതിനെ സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളാകണമെന്നും, ബാറ്റ് പിടിക്കാൻ പോലും അറിയാത്തവർ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കായിക സംഘടനകളിലെ ഭരണപരമായ വീഴ്ചകളെക്കുറിച്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, 1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന അസോസിയേഷനിൽ പെട്ടെന്നുണ്ടായ അംഗസംഖ്യയിലെ വർധനവിനെ ചോദ്യം ചെയ്തു. ഇത് അസോസിയേഷന്റെ സുതാര്യതയെ ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.

അസോസിയേഷൻ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനങ്ങൾ പ്രശസ്തരായ വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കായി മാറ്റിവെക്കണമായിരുന്നുവെന്ന് കോടതി നിർദ്ദേശിച്ചു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള ഏത് കായിക ഇനവും നിലനിൽക്കുന്നത് താരങ്ങളിലൂടെയാണെന്നും അല്ലാതെ ഭരണാധികാരികളിലൂടെയല്ലെന്നും കോടതി വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം കേദാർ ജാദവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *