തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം ‘വയസായ’ സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.
ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.
വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്. പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ. തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.

