‘നാച്ചുറ 26’: കുരുമുളക് ഇനങ്ങളുടെ വൈവിധ്യവുമായി നെല്ലിയാമ്പതിയിലെ അഗ്രി ഹോർട്ടി ഫെസ്റ്റ്

നെല്ലിയാമ്പതി: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടന്നുവരുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിൽ കുരുമുളക് ഇനങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. കുരുമുളക് കൃഷിയിലെ നൂതനമായ മാറ്റങ്ങളും നാടൻ വൈവിധ്യങ്ങളും ഒരുപോലെ അടുത്തറിയാനുള്ള അവസരമാണ് ഈ മേള ഒരുക്കുന്നത്.

പതിനെട്ടോളം വ്യത്യസ്ത ഇനം കുരുമുളക് തൈകളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കർഷകർക്കിടയിൽ ഏറെ പ്രിയമേറിയ പന്നിയൂർ ഇനങ്ങൾ മുതൽ പാരമ്പര്യ ഇനങ്ങളായ കരിമുണ്ട, നീലിമുണ്ട എന്നിവയും ഐ.ഐ.എസ്.ആർ (IISR) വികസിപ്പിച്ചെടുത്ത മികച്ച വിത്തിനങ്ങളും ഇവിടെയുണ്ട്. കൂടാതെ ഉൽപ്പാദനക്ഷമതയിൽ മുന്നിട്ടുനിൽക്കുന്ന ശ്രീകര, ശുഭകര തുടങ്ങിയ ഇനങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ഇനത്തിന്റെയും സവിശേഷതകളും കൃഷിരീതികളും വിദഗ്ധർ സന്ദർശകർക്ക് വിശദീകരിച്ചു നൽകുന്നുണ്ട്.

ഭാവിയിലെ കൃഷിരീതികളായ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിങ് എന്നിവയുടെ തത്സമയ പ്രദർശനമാണ് മേളയുടെ മറ്റൊരു ആകർഷണം. മണ്ണില്ലാതെ ലായനി ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ് രീതിയും, മത്സ്യകൃഷിയും പച്ചക്കറി കൃഷിയും സമന്വയിപ്പിക്കുന്ന അക്വാപോണിക്സും കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടാൻ സഹായിക്കുന്ന വെർട്ടിക്കൽ ഫാമിങ് രീതികളും സന്ദർശകർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

അഗ്രി ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഈ മേള ഫെബ്രുവരിയിലെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *