സിഡ്നി: ഇസ്രായേൽ വിരുദ്ധ, ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെതിരെ രൂക്ഷവിമർശനവുമായി നാഷണൽസ് സെനറ്റർ മാറ്റ് കാനവൻ. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസിനെ അപേക്ഷിച്ച് പ്രധാനമന്ത്രി ഏറെ പിന്നിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിൽ ക്രിസ് മിൻസ് കാണിക്കുന്ന നിശ്ചയദാർഢ്യം പ്രധാനമന്ത്രി ആൽബനീസിനില്ല. മിൻസ് നടപടിയെടുത്തു കഴിഞ്ഞതിന് ശേഷം മാത്രം പ്രതികരിക്കുന്ന “ക്യാച്ച്-അപ്പ്” (playing catch-up) നയമാണ് പ്രധാനമന്ത്രിയുടേതെന്ന് കാനവൻ വിമർശിച്ചു.
ക്രമസമാധാനം ഉറപ്പാക്കുന്നതിലും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളെ നിലക്കുനിർത്തുന്നതിലും കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി. മിൻസിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.ഡബ്ല്യു ഗവൺമെന്റ് കാണിച്ച ആർജ്ജവം കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നില്ല.ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും, ഇതിനെതിരെ ശക്തമായ നിയമനിർമ്മാണവും നടപടികളും വേണമെന്നും സെനറ്റർ ആവശ്യപ്പെട്ടു.
ക്രിസ് മിൻസ് സ്വീകരിച്ച കർശനമായ നടപടികൾ കണ്ടുപഠിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. വെറും പ്രസ്താവനകൾ കൊണ്ട് കാര്യങ്ങൾ പരിഹരിക്കാനാവില്ലെന്നും കാനവൻ ചൂണ്ടിക്കാട്ടി.

