സിഡ്നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ച് സിഡ്നി നഗരത്തിൽ വൻ സംഘർഷം. കഴിഞ്ഞ ഡിസംബറിൽ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു പ്രസിഡന്റ്. എന്നാൽ, ഗാസയിലെ സൈനിക നടപടികളിൽ പ്രതിഷേധിച്ചും ഹെർസോഗിന്റെ സന്ദർശനത്തിൽ അതൃപ്തി രേഖപ്പെടുത്തിയും ആയിരക്കണക്കിന് പ്രതിഷേധക്കാർ സിഡ്നി ടൗൺ ഹാളിന് മുന്നിൽ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
പ്രതിഷേധക്കാർ നിശ്ചയിച്ച റാലി പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് പെപ്പർ സ്പ്രേയും കണ്ണീർവാതകവും പ്രയോഗിച്ചു. ഏകദേശം 6,000-ത്തോളം പേർ പങ്കെടുത്ത പ്രതിഷേധത്തിനിടെ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പത്തോളം പേർ ഉദ്യോഗസ്ഥരെ ആക്രമിച്ചതായാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ പരിക്കേറ്റ 69 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ നടപടി അമിതമാണെന്ന് ഗ്രീൻസ് പാർട്ടിയും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.
പ്രതിഷേധത്തിനിടെ പരസ്യമായി നിസ്കരിച്ചുകൊണ്ടിരുന്ന ഒരു സംഘം മുസ്ലിം യുവാക്കളെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മതപരമായ ചടങ്ങിൽ പോലീസ് ഇടപെട്ടത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകളുടെ കൂട്ടായ്മ രംഗത്തെത്തി. എന്നാൽ, പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ് നടത്തിയ നീക്കങ്ങൾ നീതീകരിക്കത്തക്കതാണെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഖേദം പ്രകടിപ്പിച്ചുവെങ്കിലും രാജ്യത്തെ നിയമങ്ങൾ പാലിക്കപ്പെടണമെന്നും സന്ദർശകരോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

