ന്യൂഡൽഹി: കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭരണപരമായ നടപടിക്രമങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ഈ മാസാവസാനത്തോടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണ്ണായകമായ നിർദ്ദേശങ്ങളാണ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് സ്ഥലം മാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും നിർബന്ധമായും മാറ്റും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിലും കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക നടപടികൾ നേരിടുന്നവരെയോ മുൻ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവരെയോ തിരഞ്ഞെടുപ്പ് ജോലികളിൽ ഉൾപ്പെടുത്തില്ല.
കേരളത്തിൽ നിലവിലെ സർക്കാരിന്റെ കാലാവധി 2026 മെയ് 23 വരെയാണ്. ഏപ്രിൽ രണ്ടാം വാരത്തോടെ കേരളത്തിൽ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയും വോട്ടർ പട്ടിക പുതുക്കൽ നടപടികളും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്

