കൽപ്പറ്റ: വയനാട് മണിയൻകോട് മേഖലയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ 6390 പാക്കറ്റ് ഹാൻസ് ആണ് പോലീസ് പിടിച്ചെടുത്തത്.
മേഖലയിലെ ചില കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിതരണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചും ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്ന വാഹനത്തെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.

