കേദാർനാഥ് ക്ഷേത്രനട ഏപ്രിൽ 22-ന് തുറക്കും; ചാർധാം തീർത്ഥാടനത്തിന് തുടക്കമാകുന്നു

രുദ്രപ്രയാഗ്: പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രധാനമായ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ തിരുനട ഏപ്രിൽ 22-ന് ഭക്തർക്കായി തുറന്നുകൊടുക്കും. മഹാശിവരാത്രി ദിനമായ ഇന്ന് (ഫെബ്രുവരി 15) ഉഖിമഠിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 22-ന് രാവിലെ 8 മണിക്ക് പ്രത്യേക പൂജകളോടെയും ചടങ്ങുകളോടെയും ക്ഷേത്ര കവാടങ്ങൾ തുറക്കും.

തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഭഗവാന്റെ പഞ്ചമുഖി ഡോളി യാത്രയുടെ വിവരങ്ങളും കമ്മിറ്റി പുറത്തുവിട്ടു. ഏപ്രിൽ 19-ന് ഉഖിമഠിൽ നിന്ന് പുറപ്പെടുന്ന ഡോളി 20-ന് ഗൗരികുണ്ഡിലെത്തും. ഏപ്രിൽ 21-ന് വൈകുന്നേരത്തോടെ ഡോളി കേദാർനാഥ് ധാമിൽ എത്തിച്ചേരും. തുടർന്നാണ് ഏപ്രിൽ 22-ന് ഭക്തർക്ക് ദർശനം അനുവദിക്കുക.

ഹിമപാതത്തെ തുടർന്ന് ആറ് മാസത്തോളം അടഞ്ഞുകിടക്കുന്ന ക്ഷേത്രനട തുറക്കുന്നതോടെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർധാം തീർത്ഥാടനത്തിന് സജീവമായ തുടക്കമാകും. കേദാർനാഥ് എം.എൽ.എ ആശ നൗട്ടിയാൽ, ക്ഷേത്ര കമ്മിറ്റി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി, ചീഫ് പ്രീസ്റ്റ് റാവൽ ഭീമാശങ്കർ ലിംഗ് തുടങ്ങിയവർ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു. കേദാർനാഥ് നട തുറക്കുന്നതിന് പിന്നാലെ ഏപ്രിൽ 23-ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *