ശ്രീനഗർ: രാജ്യമൊട്ടാകെ ശൃംഖലയുള്ള വൻകിട ഓൺലൈൻ നിക്ഷേപ തട്ടിപ്പ് സംഘത്തെ ജമ്മു കാശ്മീർ പോലീസ് പിടികൂടി. ഏകദേശം 209 കോടി രൂപയുടെ തട്ടിപ്പാണ് ഈ സംഘം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തലവനായ ഡൽഹി സ്വദേശി ഉൾപ്പെടെ ഒൻപതുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 209 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പ് തുക 400 കോടി രൂപ വരെ ഉയർന്നേക്കാമെന്ന് പോലീസ് സൂചിപ്പിക്കുന്നു.
കേസിന്റെ ഭാഗമായി പോലീസ് ഇതുവരെ 835 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിൽ 290 അക്കൗണ്ടുകൾ വഴിയാണ് പ്രധാനമായും പണമിടപാടുകൾ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തലവൻ ഉൾപ്പെടെ ഒൻപത് പേരാണ് നിലവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

