കീവ്: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇന്ന് ജനീവയിൽ മൂന്നാം റൗണ്ട് ചർച്ചകൾ നടക്കും. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചയിൽ യുക്രെയ്ൻ, റഷ്യ, യുഎസ് പ്രതിനിധികൾ പങ്കെടുക്കും. എന്നാൽ ചർച്ചകൾക്ക് മുന്നോടിയായി റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണ ഭീഷണികൾ ആശങ്ക വർധിപ്പിക്കുന്നു.
ഉക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. സമാധാന ചർച്ചകളെ സങ്കീർണ്ണമാക്കുന്ന നീക്കമാണിതെന്നും, വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് മധ്യസ്ഥതയിൽ ജനീവയിൽ നടക്കുന്ന ചർച്ചയിൽ റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാനമായും സംസാരിക്കുക. മാനുഷികവും സുരക്ഷാപരവുമായ വിഷയങ്ങളിൽ ക്രിയാത്മകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രതിനിധി റുസ്തം ഉമറോവ് വ്യക്തമാക്കി.
ഡോൺബാസ് മേഖല പൂർണ്ണമായും തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് റഷ്യയുടെ ആവശ്യം. വ്ലാഡിമിർ പുട്ടിന്റെ സഹായി വ്ലാഡിമിർ മെഡിൻസ്‌കിയാണ് റഷ്യൻ സംഘത്തെ നയിക്കുന്നത്.
ഇതിനുമുമ്പ് യുഎഇയിൽ നടന്ന രണ്ട് റൗണ്ട് ചർച്ചകളിലും തടവുകാരെ കൈമാറുന്ന വിഷയത്തിലല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും നിർണായകമായ ഈ സമാധാന ചർച്ചയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

