പടിഞ്ഞാറൻ സിഡ്‌നിയിലെ വെടിവെയ്പ്പും തീവെയ്പ്പും: പരമ്പര ആക്രമണങ്ങൾ തമ്മിൽ ബന്ധമെന്ന് പോലീസ്

സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിൽ സമീപദിവസങ്ങളിലുണ്ടായ വെടിവെയ്പ്പുകളും തീവെയ്പ്പുകളും ആസൂത്രിതമായ പരമ്പര ആക്രമണങ്ങളുടെ ഭാഗമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. വ്യത്യസ്ത ഇടങ്ങളിലായി നടന്ന ഈ അക്രമ സംഭവങ്ങൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഈ അക്രമങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിവിധ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾ പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.വെടിവെയ്പ്പിന് പിന്നാലെ അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനങ്ങൾ പലയിടങ്ങളിലായി തീയിട്ട നിലയിൽ കണ്ടെത്തി യിരുന്നു.തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വാഹനങ്ങൾ കത്തിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്.പടിഞ്ഞാറൻ സിഡ്‌നിയിലെ ക്രിമിനൽ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര തർക്കമാണ് തെരുവുകളിലെ ഈ അക്രമങ്ങളിലേക്ക് നയിച്ചതെന്ന് കരുതുന്നതായും അധികൃതർ സൂചിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ശേഖരിച്ചുവരികയാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് വക്താവ് അറിയിച്ചു.അക്രമങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ സിഡ്‌നിയിലെ വിവിധ മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *