തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയും സർക്കാർ വിസ്മയകരമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നവീകരിച്ച എ.ആർ സെന്ററിന്റെയും (ഓറിയന്റൽ ബ്ലോക്ക്), സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ കലാലയങ്ങളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങളും നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത്. ലോകനിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി

