ആശുപത്രിക്ക് മുന്നിൽ വയോധികയെ കാറിടിച്ച് വീഴ്ത്തി വാഹനം കവർന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മെൽബൺ: അസുഖബാധിതനായ ഭർത്താവുമായി ആശുപത്രിയിലെത്തിയ അറുപത്തിയാറുകാരിയെ കാറിടിച്ച് വീഴ്ത്തി വാഹനം കവർന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മെൽബൺ കോടതി പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ ബെർവിക്കിലെ കേസി (Casey) ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിലാണ് ക്രൂരമായ ഈ ആക്രമണം നടന്നത്.

അറുപത്തിയാറുകാരിയായ മേരി ഇവിഗ്ലിയ തന്റെ ഭർത്താവിനെ എമർജൻസി വിഭാഗത്തിൽ എത്തിച്ച ശേഷം അദ്ദേഹത്തിനായി വീൽചെയർ എടുക്കാൻ പോയപ്പോഴാണ് സംഭവം. ഇതേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ഇറങ്ങിയ 25-കാരനായ ആദം ബാരി എന്നയാൾ മേരിയുടെ ഫോർഡ് ടെറിട്ടറി കാറിൽ അതിക്രമിച്ചു കയറുകയായിരുന്നു. കാർ തട്ടിയെടുക്കുന്നത് തടയാൻ ശ്രമിച്ച മേരിയെ ഇയാൾ അവഗണിച്ചു വാഹനം വേഗത്തിൽ ഓടിച്ചുപോയി. ഈ ദൗത്യത്തിനിടയിൽ മേരിയെ കാറിൽ കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും തുടർന്ന് ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ മേരി ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലായിരുന്നു. അവരുടെ ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും കണ്ണിനും വാരിയെല്ലിനും ഒടിവുകൾ സംഭവിക്കുകയും ചെയ്തു.

മേരിയെ ആക്രമിച്ച ശേഷം അവരുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് സിഗരറ്റും ലൈറ്ററും വാങ്ങിയ ബാരി, തുടർന്ന് വിവിധ സ്ഥലങ്ങളിലെ മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചതായും പോലീസ് കണ്ടെത്തി. ഒടുവിൽ പയനിയർ ബേയിലെ ഒരു വീടിന് പിന്നിലെ ഷെഡിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ബാരിയുടെ പോക്കറ്റിൽ മേരിയുടെ കാറിന്റെ താക്കോൽ ഉണ്ടായിരുന്നു.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മുൻപും ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു. ഏതൊരാളുടെയും പേടിസ്വപ്നമായ സംഭവമാണ് ഇതെന്ന് മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. കേസ് കൂടുതൽ വാദത്തിനായി കൗണ്ടി കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *