ലണ്ടൻ: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന്, ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡറും പ്രമുഖ രാഷ്ട്രീയ നേതാവുമായ പീറ്റർ മണ്ടേൽസണെ (72) ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തെന്ന (Misconduct in Public Office) സംശയത്തിലാണ് മെട്രോപൊളിറ്റൻ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വടക്കൻ ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്നാണ് മണ്ടേൽസണെ പൊലീസ് പിടികൂടിയത്. അദ്ദേഹത്തെ ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.
ബിസിനസ് സെക്രട്ടറി ആയിരിക്കെ (2009-2010 കാലയളവിൽ), വിപണിയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള സർക്കാർ വിവരങ്ങൾ ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെയാണ് ഈ ഇടപാടുകൾ വെളിച്ചത്തായത്.
എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന് 2025 സെപ്റ്റംബറിൽ അദ്ദേഹത്തെ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഈ മാസം ആദ്യം അദ്ദേഹം ലേബർ പാർട്ടിയിൽ നിന്നും ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്നും രാജി വെച്ചിരുന്നു.
എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂവിനെ (ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻസർ) സമാനമായ ആരോപണങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊതുപദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാൽ ബ്രിട്ടീഷ് നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന ഗൗരവകരമായ കുറ്റമാണിത്. ടോണി ബ്ലെയർ സർക്കാരിലെ നിർണ്ണായക സ്വാധീനമായിരുന്ന മണ്ടേൽസന്റെ അറസ്റ്റ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി കിയർ സ്റ്റാർമറും ഈ വിഷയത്തിൽ സമ്മർദ്ദത്തിലാണ്

