ചൈനീസ് ഭീഷണി നേരിടാൻ റഷ്യൻ സുഖോയ്-57; അത്യാധുനിക പോർവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി: അതിർത്തിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ സുഖോയ്-57 (Su-57) വാങ്ങാൻ ഇന്ത്യൻ വ്യോമസേന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈന ഇതിനോടകം തന്നെ ജെ-20 (J-20) പോലുള്ള അഞ്ചാം തലമുറ വിമാനങ്ങൾ വിന്യസിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം.

വിമാനം വെറുതെ വിൽക്കുന്നതിന് പകരം ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള (Co-production) സാങ്കേതികവിദ്യ കൈമാറാമെന്ന വാഗ്ദാനമാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ ‘സോഴ്സ് കോഡ്’ (Source Code) ഉൾപ്പെടെ കൈമാറാൻ റഷ്യ തയ്യാറാണെന്നത് ഈ ഇടപാടിനെ അതീവ പ്രാധാന്യമുള്ളതാക്കുന്നു.

നിലവിൽ സുഖോയ്-30 എം.കെ.ഐ വിമാനങ്ങൾ നിർമ്മിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) നാസിക് യൂണിറ്റിൽ തന്നെ സുഖോയ്-57 നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ആലോചന.

റഡാറുകളുടെ കണ്ണ് വെട്ടിക്കാൻ ശേഷിയുള്ള (Stealth), ശബ്ദത്തേക്കാൾ ഇരട്ടി വേഗതയിൽ പറക്കാൻ കഴിയുന്ന വിമാനമാണിത്. ഇന്ത്യൻ നിർമ്മിത മിസൈലുകളും റഡാറുകളും ഇതിൽ ഘടിപ്പിക്കാൻ റഷ്യൻ സാങ്കേതികവിദ്യ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *