മെൽബണിൽ ഉബർ ഡ്രൈവർക്ക് നേരെ ക്രൂരമായ ആക്രമണം; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം കുത്തേറ്റു

മെൽബൺ: മെൽബണിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ പോയിന്റ് കുക്കിൽ ഉബർ ഡ്രൈവർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഏഴ് കുട്ടികളുടെ പിതാവായ ഇദ്ദേഹത്തെ വീടിന് തൊട്ടടുത്തുവെച്ച് അജ്ഞാതരായ അക്രമിസംഘം ചുറ്റിക കൊണ്ട് അടിക്കുകയും കത്തിയുപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കൾ ഇദ്ദേഹത്തെ പിന്തുടരുകയായിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിനിടെ നിലത്തുവീണ ഡ്രൈവറെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം അക്രമികൾ മറ്റൊരു ഡ്രൈവർ കാത്തുനിന്ന വെള്ള സെഡാൻ കാറിൽ കയറി രക്ഷപ്പെട്ടു. ശരീരമാസകലം കുത്തേറ്റ നിലയിൽ വീട്ടിലെത്തിയ ഇദ്ദേഹത്തെ കണ്ട് കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. മുഖത്തും കൈകളിലും രക്തം ഒലിക്കുന്ന നിലയിലാണ് അദ്ദേഹം വീടിനുള്ളിലേക്ക് ഓടിക്കയറിയതെന്ന് വളർത്തുമകൻ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള ഏഴ് കുട്ടികളാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

അടുത്ത കാലത്ത് കാനഡയിൽ നിന്ന് മെൽബണിലേക്ക് താമസം മാറിയതാണ് ഈ കുടുംബം. പ്രദേശത്ത് ആരുമായും ശത്രുതയില്ലാത്ത, സന്തോഷവാനായ ഇദ്ദേഹത്തെ എന്തിനാണ് അക്രമിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അയൽവാസിയായ ഫ്രാങ്കോ വെർമുലന്റെ വീട്ടിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പോയിന്റ് കുക്കിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ഭയന്ന് തന്റെ കുടുംബം പെർത്തിലേക്ക് താമസം മാറാൻ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

സംഭവത്തിൽ വിക്ടോറിയ പോലീസ് അന്വേഷണം ഊർജിതമാക്കി. മൂന്ന് അക്രമികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി (1800 333 000) ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *