ഇറാനെതിരെ സംയുക്ത ആക്രമണവുമായി അമേരിക്കയും ഇസ്രായേലും; തിരിച്ചടിച്ച് ടെഹ്‌റാൻ

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച സംയുക്ത വ്യോമാക്രമണം നടത്തി. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്ന് നാമകരണം ചെയ്ത ഈ സൈനിക നടപടിയിൽ അമേരിക്കൻ സേനയും പങ്കുചേർന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ മിസൈൽ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയായ ജുംഹൂരി സ്ട്രീറ്റ്, യൂണിവേഴ്സിറ്റി സ്ട്രീറ്റ് എന്നിവിടങ്ങളിലും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും മിസൈലുകൾ പതിച്ചു. ടെഹ്‌റാനെ കൂടാതെ ഇസ്ഫഹാൻ, ഖോം, കരാജ്, കെർമാൻഷാ തുടങ്ങിയ നഗരങ്ങളിലും ആക്രമണമുണ്ടായി. ഹോർമുസ്ഗാൻ പ്രവിശ്യയിലെ ഒരു സ്കൂളിന് മുകളിൽ മിസൈൽ പതിച്ച് അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാനിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ പ്രത്യാക്രമണം എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇതിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനാണ് ഈ നീക്കമെന്ന് ട്രംപ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനിയൻ സൈന്യം ആയുധം വച്ച് കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കൻ-ഇസ്രായേൽ നീക്കത്തിനെതിരെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇസ്രായേലിലെ ഹൈഫ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലേക്കും ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ബഹ്‌റൈനിലെ അമേരിക്കൻ അഞ്ചാം നാവിക വ്യൂഹത്തിന്റെ ആസ്ഥാനത്തിന് സമീപം സ്ഫോടനങ്ങളുണ്ടായി. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗൾഫ് രാജ്യങ്ങളായ ഖത്തർ, യു.എ.ഇ, കുവൈത്ത് എന്നിവർ ഇറാൻ ആക്രമണത്തെ അപലപിക്കുകയും തങ്ങളുടെ ആകാശസീമ താൽക്കാലികമായി അടക്കുകയും ചെയ്തു.

ഇന്ത്യൻ എംബസി ഇറാനിലെയും ഇസ്രായേലിലെയും ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *