ലാ പാസ്: ബൊളീവിയൻ വ്യോമസേനയുടെ ചരക്ക് വിമാനം പടിഞ്ഞാറൻ നഗരമായ എൽ ആൾട്ടോയിൽ തകർന്നു വീണ് 20 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 6.15-ഓടെയാണ് രാജ്യം നടുങ്ങിയ ഈ അപകടമുണ്ടായത്. സാന്താക്രൂസിൽ നിന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തെ റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൊളീവിയൻ സെൻട്രൽ ബാങ്കിലേക്കുള്ള പുതിയ നോട്ടുകെട്ടുകളുമായി വന്ന സി-130 ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും റോഡിലുണ്ടായിരുന്ന യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ പൂർണ്ണമായും തകരുകയും ചെയ്തു. വിമാനം തകർന്നതിന് പിന്നാലെ നോട്ടുകെട്ടുകൾ പരിസരമാകെ ചിതറിവീണത് സംഘർഷഭരിതമായ സാഹചര്യത്തിന് കാരണമായി.
ചിതറിക്കിടന്ന നോട്ടുകൾ കൈക്കലാക്കാൻ പ്രദേശവാസികൾ കൂട്ടത്തോടെ എത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. നോട്ടുകൾ മോഷ്ടിക്കാൻ ശ്രമിച്ച പന്ത്രണ്ടോളം പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജനക്കൂട്ടം പോലീസിനു നേരെ കല്ലെറിയുകയും സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിക്കുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും വലിയ തോതിലുള്ള അക്രമങ്ങൾ അരങ്ങേറി. നോട്ടുകൾ തട്ടിയെടുക്കാൻ ശ്രമിച്ചവർ മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ഒരു ടിവി യൂണിറ്റ് തകർക്കുകയും ചെയ്തതായി നാഷണൽ അസോസിയേഷൻ ഓഫ് ജേണലിസ്റ്റ്സ് ഓഫ് ബൊളീവിയ അറിയിച്ചു. കല്ലേറിൽ നിരവധി മാധ്യമപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഭവസ്ഥലത്ത് സൈന്യത്തെ വിന്യസിക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.

