ഓസ്‌ട്രേലിയൻ തീരത്ത് നാല് ന്യൂനമർദ്ദങ്ങൾ; കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

മെൽബൺ: വടക്കൻ ഓസ്‌ട്രേലിയൻ തീരത്ത് രൂപപ്പെട്ട നാല് ഉഷ്ണമേഖലാ ന്യൂനമർദ്ദങ്ങളെ കാലാവസ്ഥാ നിരീക്ഷകർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴയ്ക്ക് ഇവ കാരണമാകുമെന്ന് കരുതപ്പെടുന്നു. രൂപപ്പെട്ട നാല് ന്യൂനമർദ്ദങ്ങളിൽ മൂന്നെണ്ണം ചുഴലിക്കാറ്റായി മാറാൻ ഇടത്തരം സാധ്യതയുണ്ടെന്നാണ് പ്രവചനം.

വടക്കൻ ഓസ്‌ട്രേലിയയിലെ മൺസൂൺ പാത്തിക്കുള്ളിലാണ് (monsoon trough) ഈ ന്യൂനമർദ്ദങ്ങൾ വികസിക്കുന്നത്. ഇതിന്റെ ഫലമായി ക്വീൻസ്‌ലൻഡിന്റെ വടക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഗൾഫ് കൺട്രി മേഖലകളിലേക്കും മഴ പടരാൻ സാധ്യതയുള്ളതായി ബ്യൂറോ ഓഫ് മീറ്റിയോറോളജിയിലെ സീനിയർ മെറ്റീരിയോളജിസ്റ്റ് മിറിയം ബ്രാഡ്‌ബറി അറിയിച്ചു.

നിലവിൽ പടിഞ്ഞാറൻ മേഖലകളിൽ തുടരുന്ന മഴയ്ക്കും കാറ്റിനും പുറമെയാണിത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും (Flash flooding) നദീതടങ്ങളിൽ വെള്ളം ഉയരാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ന്യൂനമർദ്ദങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

29U: കോറൽ സീയിൽ സ്ഥിതി ചെയ്യുന്ന ഈ ന്യൂനമർദ്ദം വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ചുഴലിക്കാറ്റായി മാറാൻ 25 ശതമാനം സാധ്യതയുണ്ട്. ഇത് കെയ്‌ൻസിനും (Cairns) മക്കായ്‌ക്കും (Mackay) ഇടയിൽ കര തൊട്ടേക്കാം.

28U, 30U: വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രണ്ട് ന്യൂനമർദ്ദങ്ങളും വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ 25 ശതമാനം സാധ്യതയുണ്ടെന്ന് ബ്യൂറോ പ്രവചിക്കുന്നു. ഇതിൽ 28U ക്രിസ്മസ് ദ്വീപിന് തെക്കും 30U കിംബർലി തീരത്തുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ കാറ്റിന്റെ ഗതിയും ശക്തിയും മാറാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *