ക്യാമ്പ് ഗ്രൗണ്ടിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവ് അറസ്റ്റിൽ

സിഡ്‌നി: വടക്കൻ ന്യൂ സൗത്ത് വെയ്‌ൽസിലെ ക്യാമ്പ് ഗ്രൗണ്ടിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആർമിഡേലിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള എബോറിലെ പോയിന്റ് ലുക്കൗട്ട് റോഡിന് സമീപമുള്ള ക്യാമ്പ് ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം നടന്നത്.

ഒരു സ്ത്രീക്കൊപ്പം ക്യാമ്പിംഗിനെത്തിയ രണ്ട് പുരുഷന്മാർ തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കം രൂക്ഷമായതോടെ പ്രതി മറ്റേയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും മാരകമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പരിക്കേറ്റയാളെ ഒപ്പമുണ്ടായിരുന്ന സ്ത്രീ കാറിൽ തോറ എന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇവർ അടിയന്തര വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും വൈദ്യസഹായം എത്തുന്നതിന് മുൻപേ യുവാവ് മരണപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സൂപ്രണ്ട് ക്രിസ് മക്കിന്നൻ പ്രതികരിച്ചത് ഇങ്ങനെ: “ഇത്തരമൊരു തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മരിച്ചയാളുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.” സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *