ബ്രിസ്‌ബേനിൽ പൊലീസിനു നേരെ കത്തിവീശി ഭീഷണിപ്പെടുത്തിയ യുവാവ് വെടിയേറ്റു മരിച്ചു

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ ബ്രിസ്‌ബേനിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ 21 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ടിംഗൽപയിലെ തേർസ്റ്റൺ സ്ട്രീറ്റിലുള്ള യുവാവിന്റെ വീട്ടിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. യുവാവിന്റെ ക്ഷേമമന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

വീടിനുള്ളിൽ കടന്ന ഉദ്യോഗസ്ഥർ യുവാവുമായി ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കത്തിയുമായി ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥർ യുവാവിനു നേരെ വെടിയുതിർത്തു. ഉടൻതന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റിട്ടുണ്ട്.

“ഇതൊരു ദാരുണമായ സംഭവമാണ്. മരിച്ച യുവാവിന്റെ കുടുംബത്തിന്റെയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,” ആക്ടിംഗ് ചീഫ് സൂപ്രണ്ട് ഹീത്ത് മക്വീൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും, നിലവിലെ സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ബലപ്രയോഗം ഉചിതമായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവത്തെക്കുറിച്ച് എഥിക്കൽ സ്റ്റാൻഡേർഡ്സ് കമാൻഡും ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷനും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ ന്യൂ സൗത്ത് വെയ്‌ൽസിലും സമാനമായ രണ്ട് വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഡ്‌നിയിലെ പോട്ട്‌സ് പോയിന്റിൽ രണ്ട് സ്ത്രീകളെ ആക്രമിച്ച സായുധനായ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ന്യൂകാസിലിൽ പിടികിട്ടാപ്പുള്ളിയായ ഒരാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *