കുവൈത്ത് സിറ്റി: മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്ത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.നാവികസേനയിലെ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുൽ അസീസ് അബ്ദുൽ മൊഹ്സിൻ ദാഅ്ജൽ നാസർ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
സൈനിക നടപടിക്കിടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ കുവൈത്ത് സൈന്യം വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഇതുവരെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും വിജയകരമായി കണ്ടെത്തി പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചതായി മന്ത്രാലയം അറിയിച്ചു.
വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രത തുടരുകയാണ്. രാജ്യരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

